6:36 AM | Posted in
ചരിത്രം ശ്രീഹരിക്കോട്ടയ്‌ക്ക്‌ മുകളില്‍ ബുധനാഴ്‌ച കുടപിടിച്ചുനിന്നു. സമയം പുലര്‍ച്ചെ 6.22. ഇന്ത്യയ്‌ക്ക്‌ അഭിമാന മുഹൂര്‍ത്തമൊരുക്കി ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്ന്‌ പി.എസ്‌.എല്‍.വി. സി-11 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിന്‌ വിജയത്തുടക്കം. മഴയൊഴിഞ്ഞ മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യമായ പി.എസ്‌.എല്‍.വി. യുടെ ജ്വലനവേഗത്തിലേക്ക്‌ അപ്പോള്‍ സമസ്‌തമിഴികളും ഉറ്റുനോക്കി.

ചന്ദ്രനിലേക്ക്‌ ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പര്യവേക്ഷണവാഹനമായ ചന്ദ്രയാന്‍-1 നെയും വഹിച്ചുകൊണ്ട്‌ പി.എസ്‌.എല്‍.വി. കുതിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ (ഐ.എസ്‌.ആര്‍.ഒ.) ശാസ്‌ത്രജ്ഞര്‍ ആഹ്ല്‌ളാദാരവം മുഴക്കി.
''ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തമാണിത്‌''-ആവേശം പ്രകമ്പിതമാക്കിയ അന്തരീക്ഷത്തില്‍ ഐ.എസ്‌.ആര്‍.ഒ.യുടെ ചെയര്‍മാനും മലയാളിയുമായ ഡോ. ജി. മാധവന്‍നായരുടെ വാക്കുകള്‍ മുഴങ്ങി.

ആയിരത്തിഒരുനൂറാമത്തെ സെക്കന്‍ഡിലാണ്‌ (18 മിനിറ്റ്‌ 20 സെക്കന്‍ഡ്‌) വിക്ഷേപണത്തിന്റെ നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പി.എസ്‌.എല്‍.വി. ചന്ദ്രയാന്‍-ഒന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക്‌ വിക്ഷേപിച്ചു. അതോടെ ആശങ്കയൊഴിഞ്ഞ ശ്രീഹരിക്കോട്ടയുടെ മാനത്തുനിന്ന്‌ പ്രകൃതിയുടെ പ്രസാദം വീണ്ടും മഴയായി പെയ്‌തിറങ്ങി.
. ഭൂമിയില്‍ നിന്ന്‌ ഏറ്റവുമടുത്ത 255 കിലോമീറ്ററും ഏറ്റവും ദൂരെ 22,860 കിലോമീറ്ററും അകലമുള്ള ഭ്രമണപഥത്തിലേക്ക്‌ ചന്ദ്രയാന്‍-ഒന്നിനെ പ്രവേശിപ്പിക്കുകയെന്നത്‌ ക്ലേശകരമായ ദൗത്യംതന്നെയാണ്‌. അത്‌ പിഴവുകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനിയങ്ങോട്ട്‌ പ്രൊപ്പല്ലറുകളുടെ ഗതിവേഗം കൂട്ടിക്കൊണ്ട്‌ ഐ.എസ്‌.ആര്‍.ഒ. ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തും. നവംബര്‍ എട്ടിന്‌ ചന്ദ്രനുമായി ഇന്ത്യന്‍പേടകത്തിന്റെ ആദ്യ കൂടിക്കാഴ്‌ച നടക്കുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ പ്രതീക്ഷ. അതിനകം നാലു ലക്ഷം കിലോമീറ്ററോളം ചന്ദ്രയാന്‍ സഞ്ചരിച്ചിരിക്കുമെന്ന്‌ മാധവന്‍നായര്‍ പറഞ്ഞു. 2015ഓടെ ഇന്ത്യയ്‌ക്ക്‌ ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ എത്തിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു.

നവംബര്‍ പതിനഞ്ചോടെ ചന്ദ്രയാനില്‍നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന ശാസ്‌ത്രീയ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിലേക്ക്‌ ഇടിച്ചിറങ്ങും. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമായാണ്‌ അത്‌ ചന്ദ്രനിലിറങ്ങുക. 29 കിലോഗ്രാം ഭാരമുള്ള എം.ഐ.പി. തിരുവനന്തപുരം വി.എസ്‌.എസ്‌.സി.യിലാണ്‌ നിര്‍മിച്ചത്‌. എം.ഐ.പി. ഒഴികെയുള്ള പത്ത്‌ ശാസ്‌ത്രീയ ഉപകരണങ്ങളുമായി ചന്ദ്രയാന്‍-1 രണ്ടുവര്‍ഷം ചന്ദ്രനുചുറ്റും കറങ്ങും.

ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക്‌ ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന ബഹിരാകാശ വാഹനമാണ്‌ ചന്ദ്രയാന്‍-1. ഇതോടെ അമേരിക്ക, സോവിയറ്റ്‌ യൂണിയന്‍, ചൈന, ജപ്പാന്‍, യൂറോ പ്യന്‍ സ്‌പേസ്‌ ഏജന്‍സി എന്നിവയ്‌ക്കുശേഷം ചന്ദ്ര ഭ്രമണപഥത്തിലേക്ക്‌ സ്വന്തം പേടകമെത്തിക്കുന്ന രാഷ്ട്രമെന്ന ബഹുമതിയും ഇന്ത്യയ്‌ക്ക്‌ കൈവന്നു. 1959 സപ്‌തംബറില്‍ റഷ്യയുടെ ലൂണ-2 ആണ്‌ ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങിയ ബഹിരാകാശ പേടകം. 44 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ളതാണ്‌ ചന്ദ്രയാന്റെ വിക്ഷേപണത്തിനുപയോഗിച്ച പി.എസ്‌.എല്‍.വി. 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാനില്‍ 11 ശാസ്‌ത്രീയ ഉപകരണങ്ങളാണുള്ളത്‌. ഇതില്‍ അഞ്ചെണ്ണമാണ്‌ ഇന്ത്യയില്‍ നിര്‍മിച്ചത്‌. മൂന്നെണ്ണം യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയും രണ്ടെണ്ണം അമേരിക്കയും ഒരെണ്ണം ബള്‍ഗേറിയയുമാണ്‌ ഐ.എസ്‌.ആര്‍.ഒ.യ്‌ക്ക്‌ നല്‌കിയത്‌.

ചന്ദ്രയാനില്‍നിന്നുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്വീകരിക്കുന്നതിന്‌ അതിവിപുലമായ സജ്ജീകരണങ്ങളാണ്‌ ഐ.എസ്‌.ആര്‍.ഒ. ഒരുക്കിയിട്ടുള്ളത്‌. 32 മീറ്ററും 18 മീറ്ററും വ്യാസമുള്ള രണ്ട്‌ കൂറ്റന്‍ ഡിഷ്‌ ആന്റിനകള്‍ ബാംഗ്ലൂരിനടുത്തുള്ള ബയലാലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ ആന്റിനകളിലൂടെയാണ്‌ ചന്ദ്രയാനുള്ള നിര്‍ദേശങ്ങള്‍ നല്‌കുക. ചന്ദ്രയാനിലെ ശാസ്‌ത്രീയ ഉപകരണങ്ങള്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും ഈ ആന്റിനകളിലേക്കാണ്‌ പ്രവഹിക്കുക.

ഭൗമോപരിതലത്തില്‍നിന്ന്‌ 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ ചന്ദ്രന്‍. ഇത്രയും ദൂരത്തുനിന്ന്‌ ചന്ദ്രയാന്‍ അയയ്‌ക്കുന്ന സിഗ്‌നനലുകള്‍ ഭൂമിയിലെത്തുമ്പോഴേക്കും അതിദുര്‍ബലമാകും എന്നതിനാലാണ്‌ അതിശക്തമായ സംവേദനക്ഷമതയുള്ള ആന്റിനകള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ബാംഗ്ലൂരിനടുത്ത്‌ പീന്യയിലുള്ള സ്‌പേസ്‌ ക്രാഫ്‌റ്റ്‌ കണ്‍ട്രോള്‍ കേന്ദ്രമാണ്‌ ചന്ദ്രയാന്റെ പ്രവര്‍ത്തന പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത്‌.

ചന്ദ്രയാനില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ജോലി ഇന്ത്യന്‍ സ്‌പേസ്‌ സയന്‍സ്‌ ഡാറ്റാ സെന്ററി (ഐ.എസ്‌.എസ്‌.ഡി.സി.) ന്‍േറതാണ്‌. ബയലാലുവില്‍ത്തന്നെയാണ്‌ ഐ.എസ്‌.എസ്‌.ഡി.സി.യും പ്രവര്‍ത്തിക്കുന്നത്‌. പി.എസ്‌.എല്‍.വി. സി-11നും ചന്ദ്രയാന്‍ ഒന്നിനുമായി 512 കോടി രൂപയോള
മാണ്‌ ഐ.എസ്‌.ആര്‍.ഒ. ചെലവഴിച്ചത്‌.
Category:
��

Comments

0 responses to "2015 ല്‍ ഭാരതീയന്‍ ചന്ദ്രനിലേക്ക്"