11:06 AM | Posted in
Can't Read???? Download Font 'Click Here' 
ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.

കൊറോണയിലെ മാറ്റങ്ങള്‍ മൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.

സൂര്യനെ ഗവേഷണ കൗതുകത്തിനുവേണ്ടി നിരീക്ഷിക്കാവുന്ന പദ്ധതിയല്ലിതെന്ന് ഡോ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഉയര്‍ന്ന സൂര്യതാപം നേരിടേണ്ടിവരുന്നുണ്ട്. ചില ഉപഗ്രഹങ്ങള്‍ക്ക് ഇതുമൂലം കേടുപാടുമുണ്ടാകുന്നുണ്ട്. അതുകൊണ്ട് സൂര്യന്റെ കൊറോണയിലെ സവിശേഷപ്രവര്‍ത്തനങ്ങള്‍മൂലം ബഹിരാകശത്തും ഭൂമിയുടെ അന്തരീക്ഷത്തിനോടടുത്ത പ്രദേശങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വാണിജ്യതാത്പര്യങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ആദിത്യപദ്ധതിയെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-1 ന് സൗരവാതംമൂലം കേടു പറ്റിയിരുന്നു.

ഇടയ്ക്കിടെ ഊര്‍ജവിസേ്ഫാടനം സംഭവിക്കുന്ന മേഖലയാണ് സൂര്യന്റെ കൊറോണ. ഈ വിസേ്ഫാടനങ്ങള്‍മൂലമുണ്ടാകുന്ന സൗര്യവാതം ഭൂമിയിലേക്ക് വൈദ്യുതിചാര്‍ജുള്ള കണങ്ങളുടെ പ്രവാഹമായാണ് എത്തുന്നത്. ഇത് കൃത്രിമ ഉപഗ്രഹങ്ങളെയും അതുവഴി വാര്‍ത്താവിനിമയസംവിധാനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. താപനിലയിലുണ്ടാകുന്ന കാര്യമായ മാറ്റവും ഉപഗ്രഹങ്ങള്‍ക്ക് ദോഷമാണ്. ഈ മാറ്റങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ഉപഗ്രഹനിര്‍മാണ-വിക്ഷേപണരംഗത്ത് വന്‍ ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിന് കൊറോണയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പത്തുലക്ഷം ഡിഗ്രിക്കുമുകളില്‍ ഊഷ്മാവുള്ള മേഖലയാണ് സൂര്യന്റെ കൊറോണ. സെക്കന്‍ഡില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ പോലും അവിടെ വാതകപ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്.

2012-ല്‍ 'ആദിത്യ'യെ ബഹിരാകശത്ത് എത്തിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനു കാരണമുണ്ട്. കൊറോണയിലെ വിസേ്ഫാടനങ്ങള്‍ കൂടുന്നതും കുറയുന്നതും 11 വര്‍ഷത്തെ ഒരു ചാക്രികകാലത്തിലാണ്. ഇനി ഇതു കൂടുന്നത് 2012-ലാണ്. അതുകൊണ്ടാണ് 'ആദിത്യ'യുടെ വിക്ഷേപണം ആ സമയത്തു തന്നെ നടത്തുന്നത്.

പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ സ്‌പേസ് റിസര്‍ച്ച് അഡൈ്വസറി കമ്മിറ്റി അനുമതി നല്‍കിക്കഴിഞ്ഞു. 50 കോടി രൂപയാണ് ഉപഗ്രത്തിനു ചെലവ്. വിക്ഷേപണത്തിനായി പ്രത്യേകം മുതല്‍മുടക്കില്ല. കാരണം ഒരു റോക്കറ്റുപയോഗിച്ച് ഒന്നിലേറെ ഉപഗ്രഹങ്ങള്‍ ഒരേസമയം വിക്ഷേപിക്കുവാനുള്ള വൈദഗ്ധ്യം ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കുണ്ട്. അതുകൊണ്ട് 2012-ല്‍ വിക്ഷേപിക്കുന്ന ഏതെങ്കിലും റോക്കറ്റില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 'ആദിത്യ'യെയും ബഹിരാകശത്ത് എത്തിക്കുവാനാണ് ആലോചിക്കുന്നത്. രണ്ടുവര്‍ഷം ഈ ഉപഗ്രഹം സൂര്യനെ നിരീക്ഷിക്കും., വിവരം കൈമാറും.


Courtesy എന്‍.എസ്. ബിജുരാജ്‌ Mathrubhumi
Category:
��

Comments

0 responses to "'ആദിത്യ'യുമായി ഐ.എസ്.ആര്‍.ഒ."