7:57 AM | Posted in
ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത് കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കുമെന്നാണ് കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.അതേസമയം, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്ഗ്യാസ്' എന്ന ഓമനപ്പേരുള്ള നൈട്രസ് ഓക്‌സൈഡാണ് സ്ട്രാറ്റോസ്ഫിയറില്‍ മറ്റേത് രാസവസ്തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക് ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്തു നൈട്രസ് ഓക്‌സൈഡ് ആയിരിക്കുമെന്ന്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനി (നോവ) ലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.


                    ഭൂമിയില്‍ നേരിട്ട് പതിറ്റാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന് വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 90 ശതമാനവും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ് ഓസോണ്‍പാളിയെന്ന് വിളിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുമെന്നും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത് ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്. വരുന്ന നൂറ് വര്‍ഷത്തേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചത്.
                                     ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന് പഠനം പറയുന്നു. യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട് 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ് അനുമാനം.
ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാത്തിലേക്ക് എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയപ്പെടേണ്ട സ്ട്രാറ്റോസ്ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും. ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കാന്‍ അത് കാരണമാകും-'നെച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്ക്കും ഇത് കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച് ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. ആള്‍ട്രാവയലറ്റ് കിരണങ്ങളേറ്റ് ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.


                            നൈട്രസ് ഓക്‌സയിഡ്, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്.സികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളില്‍ ശാസ്ത്രലോകം കണ്ടെത്തിയ ഈ വിപത്ത് നേരിടാനാണ്, ലോകരാഷ്ട്രങ്ങള്‍ 1989-ല്‍ മോണ്‍ട്രിയള്‍ ഉടമ്പടിക്ക് രൂപംനല്‍കിയത്. ഓസോണിന് ഭീഷണിയായ സി.എഫ്.സികള്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട് വിജയിക്കുകയും ചെയ്തു.എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് ഓസോണിന്റെ രക്ഷയ്ക്ക് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
courtesy -ജോസഫ് ആന്റണി Mathrubhumi
Category:
��