1:10 PM | Posted in
Category:
��
11:08 AM | Posted in
Can't Read???? Download Font 'Click Here' 

വെറും ഏഴ് ആറ്റങ്ങള്‍ക്കൊണ്ട് ട്രാന്‍സിസ്റ്റര്‍ നിര്‍മിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ഇലക്ട്രോണിക്‌സ് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. കൂടുതല്‍ ചെറുതും ശക്തവുമായ കമ്പ്യൂട്ടറുകള്‍ക്ക് രൂപംനല്‍കാന്‍ സഹായിക്കുന്നതാണ് ഈ മുന്നേറ്റം. ഭാവിയിലെ കമ്പ്യൂട്ടറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ക്വാണ്ടംകമ്പ്യൂട്ടറുകളി'ലേക്കുള്ള ആദ്യചുവടാണിതെന്ന് വിലയിരുത്തപ്പെടുന്നു.

സിലിക്കണ്‍ ചിപ്പ് ബ്ലോക്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സൂക്ഷ്മസ്വിച്ചുകളാണ് ട്രാന്‍സിസ്റ്ററുകള്‍. 1947-ല്‍ ആദ്യട്രാന്‍സിസ്റ്റര്‍ രൂപപ്പെടുത്തിയ ശേഷം ഒട്ടേറെ നാടകീയ മാറ്റങ്ങള്‍ക്ക് അവ വിധേയമായിട്ടുണ്ട്. വലിപ്പത്തിലുണ്ടായ വന്‍കുറവാണ് ആ മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം. ട്രാന്‍സിസ്റ്ററുകളുടെ വലിപ്പവും അതുവഴി കമ്പ്യൂട്ടര്‍ പ്രോസസറുകളുടെ വലിപ്പവും അവിശ്വസനീയമായി കുറയ്ക്കാന്‍ സഹായിക്കുന്ന മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തയിരിക്കുന്നത്.

നിലവിലുള്ളവയെ അപേക്ഷിച്ച് നൂറിലൊന്ന് വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ക്ക് രൂപം നല്‍കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. എന്നാല്‍, ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെറിയ ട്രാന്‍സിസ്റ്റര്‍ അല്ല ഇത്. മുമ്പ് രണ്ട് ഗവേഷണസംഘങ്ങല്‍ ഓരോ ആറ്റം മാത്രമടങ്ങിയ ട്രാന്‍സിസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് പ്രയോഗിക തലത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ല.

അതേസമയം, പുതിയ കണ്ടെത്തല്‍ പ്രായോഗികമായി പ്രയോജനപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഒരു സിക്കണ്‍ പരലില്‍ നിന്ന് ഏഴ് ആറ്റങ്ങള്‍ നീക്കംചെയ്ത ശേഷം അവിടെ ഏഴ് ഫോസ്ഫറസ് ആറ്റങ്ങള്‍ സ്ഥാപിച്ചാണ് പുതിയ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കിയത്. സവിശേഷമായ ഒരു സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് സാധിച്ചത്.

ആറ്റങ്ങളുടെ തലത്തില്‍ ചിട്ടയോടുകൂടി സിലിക്കണില്‍ നിര്‍മിച്ച ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക് ഉപകരണമാണിതെന്ന്, മുഖ്യഗവേഷകയും ന്യൂ സൗത്ത് വേല്‍സ് സര്‍വകലാശാലയിലെ പ്രൊഫസറുമായ മിഷെല്ലി സിമോണ്‍സ് പറയുന്നു. വേല്‍സ് സര്‍വകലാശാലയിിലെ സെന്റര്‍ ഫോര്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ ടെക്‌നോളജി, വിസ്‌കോസിന്‍-മാഡിസന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്.

സിലിക്കണില്‍ നിശ്ചിതവിസ്തീര്‍ണത്തില്‍ സൂക്ഷിക്കാവുന്ന മെമ്മറിയുടെ തോത് ഓരോ 18 മാസം കൂടുമ്പോഴും ഇരട്ടിയാകുമെന്ന് മൂര്‍സ് നിയമം പ്രവചിക്കുന്നു. അതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വലിപ്പം കുറയുന്നുമുണ്ട്. എന്നാല്‍, ആ നിയമവും അതിന്റെ പരമാവധി പരിധിയിലേക്കെത്തുന്നു എന്നാണ് പുതിയ ട്രാന്‍സിസ്റ്റര്‍ സൂചിപ്പിക്കുന്നത്. 

Courtesy: Mathrubhumi 
Category:
��
11:06 AM | Posted in
Can't Read???? Download Font 'Click Here' 
ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.

കൊറോണയിലെ മാറ്റങ്ങള്‍ മൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.

സൂര്യനെ ഗവേഷണ കൗതുകത്തിനുവേണ്ടി നിരീക്ഷിക്കാവുന്ന പദ്ധതിയല്ലിതെന്ന് ഡോ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഉയര്‍ന്ന സൂര്യതാപം നേരിടേണ്ടിവരുന്നുണ്ട്. ചില ഉപഗ്രഹങ്ങള്‍ക്ക് ഇതുമൂലം കേടുപാടുമുണ്ടാകുന്നുണ്ട്. അതുകൊണ്ട് സൂര്യന്റെ കൊറോണയിലെ സവിശേഷപ്രവര്‍ത്തനങ്ങള്‍മൂലം ബഹിരാകശത്തും ഭൂമിയുടെ അന്തരീക്ഷത്തിനോടടുത്ത പ്രദേശങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വാണിജ്യതാത്പര്യങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ആദിത്യപദ്ധതിയെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-1 ന് സൗരവാതംമൂലം കേടു പറ്റിയിരുന്നു.

ഇടയ്ക്കിടെ ഊര്‍ജവിസേ്ഫാടനം സംഭവിക്കുന്ന മേഖലയാണ് സൂര്യന്റെ കൊറോണ. ഈ വിസേ്ഫാടനങ്ങള്‍മൂലമുണ്ടാകുന്ന സൗര്യവാതം ഭൂമിയിലേക്ക് വൈദ്യുതിചാര്‍ജുള്ള കണങ്ങളുടെ പ്രവാഹമായാണ് എത്തുന്നത്. ഇത് കൃത്രിമ ഉപഗ്രഹങ്ങളെയും അതുവഴി വാര്‍ത്താവിനിമയസംവിധാനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. താപനിലയിലുണ്ടാകുന്ന കാര്യമായ മാറ്റവും ഉപഗ്രഹങ്ങള്‍ക്ക് ദോഷമാണ്. ഈ മാറ്റങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ഉപഗ്രഹനിര്‍മാണ-വിക്ഷേപണരംഗത്ത് വന്‍ ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിന് കൊറോണയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പത്തുലക്ഷം ഡിഗ്രിക്കുമുകളില്‍ ഊഷ്മാവുള്ള മേഖലയാണ് സൂര്യന്റെ കൊറോണ. സെക്കന്‍ഡില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ പോലും അവിടെ വാതകപ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്.

2012-ല്‍ 'ആദിത്യ'യെ ബഹിരാകശത്ത് എത്തിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനു കാരണമുണ്ട്. കൊറോണയിലെ വിസേ്ഫാടനങ്ങള്‍ കൂടുന്നതും കുറയുന്നതും 11 വര്‍ഷത്തെ ഒരു ചാക്രികകാലത്തിലാണ്. ഇനി ഇതു കൂടുന്നത് 2012-ലാണ്. അതുകൊണ്ടാണ് 'ആദിത്യ'യുടെ വിക്ഷേപണം ആ സമയത്തു തന്നെ നടത്തുന്നത്.

പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ സ്‌പേസ് റിസര്‍ച്ച് അഡൈ്വസറി കമ്മിറ്റി അനുമതി നല്‍കിക്കഴിഞ്ഞു. 50 കോടി രൂപയാണ് ഉപഗ്രത്തിനു ചെലവ്. വിക്ഷേപണത്തിനായി പ്രത്യേകം മുതല്‍മുടക്കില്ല. കാരണം ഒരു റോക്കറ്റുപയോഗിച്ച് ഒന്നിലേറെ ഉപഗ്രഹങ്ങള്‍ ഒരേസമയം വിക്ഷേപിക്കുവാനുള്ള വൈദഗ്ധ്യം ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കുണ്ട്. അതുകൊണ്ട് 2012-ല്‍ വിക്ഷേപിക്കുന്ന ഏതെങ്കിലും റോക്കറ്റില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 'ആദിത്യ'യെയും ബഹിരാകശത്ത് എത്തിക്കുവാനാണ് ആലോചിക്കുന്നത്. രണ്ടുവര്‍ഷം ഈ ഉപഗ്രഹം സൂര്യനെ നിരീക്ഷിക്കും., വിവരം കൈമാറും.


Courtesy എന്‍.എസ്. ബിജുരാജ്‌ Mathrubhumi
Category:
��
10:53 AM | Posted in
Can't Read???? Download Font 'Click Here'
ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെ ഇന്റല്‍

അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്‍സ്ടൗണ്‍' (Moorestown) എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിഷ്വല്‍സ് കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്‍ഫോണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു.

മൊബൈല്‍ഫോണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.

ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്‍ക്കുന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്‍ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത പ്രധാനമാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്‍ച്ചയായും ഊര്‍ജോപയോഗം കുറയ്ക്കും, ഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും.

യഥാര്‍ഥത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്‍തിരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ആഗോളവിപണിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്‍ച്ചയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കണക്കറ്റ് വര്‍ധിക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്.

നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്‍പ്പന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാറേയുള്ളു, നിര്‍മിക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്‍മിക്കുന്നത് ആപ്പിള്‍ തന്നെയാണ്.

ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് ആം കമ്പനി. അവര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്‍ജോപയോഗം വര്‍ധിക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.

ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. 30 വര്‍ഷമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായ ഇന്റലിന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.

courtesy: Mathrubhumi
Category:
��
10:48 AM | Posted in
തലക്കെട്ട് ചേര്‍ക്കുക
Can't Read???? Download Malayalam Font 'Click Here' 


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന്റെ ബീറ്റാ പതിപ്പ് മൈക്രോസോഫ്ട് പുറത്തിറക്കിയിട്ട് ഒരാഴ്ച്ച കഴിയുന്നതേയുള്ളു. അതിനകം മുഖ്യ പ്രതിയോഗിയായ ഗൂഗിള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പ് വന്‍പരിഷ്‌ക്കാരത്തോടെ പുറത്തിറക്കുന്നുവെന്നാണ് പ്രഖ്യാപനം.

നിലവിലുള്ള ഗൂഗിള്‍ ക്രോം 6 പതിപ്പിനെ അപേക്ഷിച്ച് 60 മടങ്ങ് വേഗമുള്ളതായിരിക്കും പുതിയ പതിപ്പായ ക്രോം 7 എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന് വെല്ലുവിളിയുയര്‍ത്താന്‍ പാകത്തിലുള്ള ഒട്ടേറെ സവിശേഷതകള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ ഉണ്ടാകുമെന്ന് ഗൂഗിള്‍ പറയുന്നു.

മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ആകര്‍ഷകമായ ചില സവിശേഷതകളാണ് എക്‌സ്‌പ്ലോറര്‍ 9 ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. എല്ലാ എച്ച് ടി എം എല്‍ 5 ഉള്ളടക്കങ്ങള്‍ക്കും പൂര്‍ണമായ ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ നല്‍കുന്ന ആദ്യ ബ്രൗസറാകും ഇതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുള്ള മൈക്രോസോഫ്ടിന്റെ ആദ്യ ബ്രൗസര്‍' എന്നാണ് ഇന്റര്‍നെറ്റ് എക്്‌സ്‌പ്ലോറര്‍ 9 ബീറ്റയെക്കുറിച്ച് 'ടൈം മാസഗിന്‍' അഭിപ്രായപ്പെട്ടത്.

മൈക്രോസോഫ്ട് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഉത്പന്നം ബീറ്റയിലായിരിക്കുമ്പോഴാണ്. എന്നാല്‍ ഗൂഗിളാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളുടെ അപ്‌ഡേറ്റുകള്‍ മിന്നല്‍ വേഗത്തിലാണ് പുറത്തിറക്കുന്നത്. ക്രോം 7 ന്റെ ട്രങ്ക്, കാനറി ബില്‍ഡുകളില്‍ 2 ഡി ഗ്രാഫിക് പെര്‍ഫോമെന്‍സ്, കാന്‍വാസ് ആക്‌സിലറേഷന്‍ എന്നിവ സാധ്യമാകും.

നിയോവിന്‍ പോലുള്ള സാങ്കേതിക വെബ്‌സൈറ്റുകള്‍ നടത്തിയ പരിശോധനകളില്‍ എക്‌സ്‌പ്ലോറര്‍-9 ബീറ്റ കാന്‍വാസ് സ്​പീഡ് ഡെമോയിലും മറ്റും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ക്രോമിലാകട്ടെ മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഏഴാം പതിപ്പിന്റെ പ്രാരംഭദശയില്‍ തന്നെ ഇക്കാര്യത്തില്‍ അവര്‍ ഏറെ മുന്നേറിയിട്ടുമുണ്ട്. ചുരുക്കത്തില്‍, എക്‌സ്‌പ്ലോറര്‍ 9 നെ വെല്ലുന്ന തരത്തിലായിരിക്കും ക്രോം7 ന്റെ അന്തിമ പതിപ്പിറങ്ങുകയെന്ന് 

courtesy:എം.ബഷീര്‍ .Mathrubhumi 
Category:
��
10:42 AM | Posted in


Can't Read???? Download Malayalam  Font 'Click Here' 

ബിനാടോണ്‍ എന്ന വാക്ക് ഗൃഹാതുരത്വമുയര്‍ത്തുന്ന ഒട്ടേറെ ഓര്‍മകളുയര്‍ത്തും പഴമക്കാരുടെ മനസില്‍. ഇന്ത്യയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ വിപ്ലവം സംഭവിച്ചപ്പോള്‍ എല്ലാവരുടെയും നാവിന്‍തുമ്പിലുള്ള പേരായിരുന്നു ഈ ബ്രിട്ടീഷ് കമ്പനിയുടേത്. അന്ന് ബിനാടോണ്‍ ടി.വി. സ്വന്തമായുള്ളവര്‍ക്ക് വി.ഐ.പി. പരിഗണനയായിരുന്നു നാട്ടിലെങ്ങും. പിന്നീട് ഡയനോരയും സോളിഡയറും ബുഷും അതിനുശേഷം ബി.പി.എല്ലും ഒപ്‌ടോണിക്കയുമൊക്കെ വന്നതോടെ ബിനാടോണിനെ പറ്റി ഒന്നും കേള്‍ക്കാതായി.

ഇപ്പോഴിതാ തലമുറകളെ ആവേശം കൊള്ളിച്ച ആ വ്യാപാരനാമം വീണ്ടും കേള്‍ക്കുന്നു. ടി.വി.യുമായല്ല ടാബ്‌ലറ്റ് കമ്പ്യൂട്ടറുമായാണ് ബിനാടോണിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ്. ഇപ്പോള്‍ വിപണിയിലുള്ള എല്ലാ ടാബ്‌ലറ്റുകളേക്കാളും വിലക്കുറവിലാണ് ബിനാടോണ്‍ ടാബ്‌ലറ്റ് ഇറക്കുന്നത്. 'ഹോംസര്‍ഫ് ടച്ച്' എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന് വില വെറും 8,999 രൂപ മാത്രം.

ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ 1.6 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് എട്ട് ഇഞ്ച് വിസ്താരമുളള സ്‌ക്രീനും 128 എം.ബി. റാമുമുണ്ട്. രണ്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുമായെത്തുന്ന ഈ ടാബ്‌ലറ്റില്‍ വൈഫൈ വഴി ഇന്റര്‍നെറ്റ് കണക്ഷനും സാധ്യമാകും. എ.ആര്‍.എം. 11 667 മെഗാഹെര്‍ട്‌സ് പ്രൊസസറാണ് ഇതിലുള്ളത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റില്‍ മണിക്കൂറുകളോളം വെബ് ബ്രൗസിങും വീഡിയോ കാണലുമെല്ലാം നടക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കുന്നു.



അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒലിവ് പാഡ് എന്ന ടാബ്‌ലറ്റുമായാവും ബിനാടോണിന് കാര്യമായി മത്സരിക്കേണ്ടിവരിക. ഒലിവ് പാഡിന് 23,000 രൂപയാണ് വിലയെന്നിരിക്കേ ബിനാടോണിന് സാധ്യത ഏറെയാണ്. ആപ്പിളിന്റെ ഐപാഡ് ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ബിനാടോണിന് നേട്ടമാകും.

128 എം.ബി. റാം മാത്രമേ ഉള്ളൂ എന്നതാണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന ന്യുനത. ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ സിസ്റ്റം കിതയ്ക്കുമെന്ന കാര്യം ഉറപ്പ്. ആന്‍ഡ്രോയിഡ് 1.6 പതിപ്പ് ഏറെക്കുറെ പഴഞ്ചനായിക്കഴിഞ്ഞു എന്നതും കമ്പനിക്ക് തിരിച്ചടിയാകും. ത്രിജിയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൈഫൈ കണക്ടിവിറ്റിയേ ഉള്ളൂ എന്നതും പ്രശ്‌നം സൃഷ്ടിച്ചേക്കും.

ഇതൊക്കെയാണെങ്കിലൂം അത്യാവശ്യം നെറ്റ് ബ്രൗസ് ചെയ്യാനും പുസ്തകം വായിക്കാനും വീഡിയോ കാണാനുമെല്ലാം ബിനാടോണിന്റെ 'ഹോംസര്‍ഫ് ടച്ച്' ധാരാളം മതിയാകും.
 

Courtesy:പി.എസ്.രാകേഷ്‌.Mathrubhumi
Category:
��
11:03 AM | Posted in
ഐപാഡിനെ നേരിടാന്‍ ആമസോണ്‍

ഭൂമുഖത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനിയായ ആമസോണ്‍, തങ്ങളുടെ ഇലക്ട്രോണിക് ബുക്ക് റീഡറായ കിന്‍ഡിലിന്റെ (Kindle) കനംകുറഞ്ഞ വകഭേദം ആഗസ്തില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡിന്റെ ഭീഷണി മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.


കൂടുതല്‍ മിഴിവാര്‍ന്ന വിധം ചിത്രങ്ങള്‍ കാണാന്‍ സഹായിക്കുന്നതാകും പുതിയ കിന്‍ഡിലിന്റെ സ്‌ക്രീന്‍. എന്നാല്‍, കളര്‍ സ്‌ക്രീനോ ടച്ച്‌സ്‌ക്രീനോ കിന്‍ഡിലില്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിപ്പോട്ട് പറയുന്നു. ഐപാഡ് കളര്‍ സ്‌ക്രീനും ടച്ച്‌സ്‌ക്രീനുമുള്ള ഉപകരണമാണ്.


2007-ലാണ് ആമസോണ്‍ കമ്പനി അതിന്റെ ഇലക്ട്രോണിക് റീഡര്‍ (ഇ-റീഡര്‍) അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐപാഡ് ഈവര്‍ഷം രംഗത്തെത്തിയതോടെ കിന്‍ഡില്‍ സമ്മര്‍ദത്തിലായി. വെബ്ബ് ബ്രൗസിങിനും വീഡോയോ കാണാനും ഡിജിറ്റല്‍ ബുക്കുകള്‍ വായിക്കാനും സഹായിക്കുന്ന നൂതന ഉത്പന്നമാണ് ഐപാഡ്.
ആപ്പിളില്‍ നിന്ന് മാത്രമല്ല കിന്‍ഡില്‍ മത്സരം നേരിടുന്നത്. സോണി കോര്‍പ്പറേഷന്‍ അവതരിപ്പിച്ചിട്ടുള്ള ടച്ച്‌സ്‌ക്രീന്‍ ഇ-റീഡറും കിന്‍ഡിലിന് വെല്ലുവിളിയാവുകയാണ്. മത്സരം മുറുകിയതോടെ ആമസോണിന്റെ ഓഹരിമൂല്യത്തില്‍ ഈവര്‍ഷം 6.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
കിന്‍ഡിലിന്റെ ഉത്തരവാദിത്വം പുസ്തക വായനക്കാരോടാണെന്നും, കിന്‍ഡിലില്‍ കളര്‍സ്‌ക്രീന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആമസോണ്‍ അടുത്തയിടെ വ്യക്തമാക്കിയിരുന്നു. അച്ചടിച്ച കടലാസിനെ അനുസ്മരിപ്പിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലെയാണ് കിന്‍ഡിലിന്റേത്. യഥാര്‍ഥ പുസ്തകങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള ഡിസ്‌പ്ലേയായിരിക്കും പുതിയ വകഭേദത്തിലെന്നാണ് റിപ്പോര്‍ട്ട്.
ഫോറെസ്റ്റര്‍ റിസര്‍ച്ചിന്റെ കണക്കു കൂട്ടല്‍ പ്രകാരം ഈ വര്‍ഷം ലോകത്താകമാനം 60 ലക്ഷം ഇ-റീഡറുകള്‍ വില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇത് 30 ലക്ഷമായിരുന്നു. യു.എസ്.ഇ-ബുക്ക് വിപണിയില്‍ 60 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് കിന്‍ഡിലാണ്.courtesy mathrubhumi
Category:
��
7:53 PM | Posted in



വ്യക്തിപരമായ വിവരങ്ങള്‍ പോലും സൈബര്‍സ്‌പേസിലെ പൊതു ഇടത്തിലേക്ക് പറിച്ചു നട്ട് ക്ലൗഡ് കംപ്യൂട്ടിംഗ് സംസ്‌കാരത്തിന് അടിത്തറയിട്ടത് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളും (സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും) ഗൂഗിള്‍ സൗജന്യസേവനങ്ങളുമൊക്കെയാണ്. പിന്നീട് സ്വകാര്യമേഖലയിലും ഭരണ നിര്‍വ്വഹണ രംഗത്തു പോലും ലോകവ്യാപകമായി ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിവരസാങ്കേതികമേഖല വന്‍ വിപ്ലവത്തിന് വേദിയായി.

എന്നാല്‍ ചൈനയില്‍ നിന്നുണ്ടായ കേന്ദ്രീകൃത സൈബര്‍ ആക്രമണങ്ങളോടെ ഗൂഗിള്‍ ചൈനവിട്ടതും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗില്‍ സുരക്ഷയെക്കുറിച്ചുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ചൈന ഭീഷണിയുടെ വെളിച്ചത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രമ്മണ്ട് തന്റെ ബ്ലോഗില്‍ ആശങ്കകള്‍ പങ്കുവെച്ചു. പല സന്ദര്‍ഭങ്ങളിലായി സിസ്‌കോ പോലുള്ള കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തെ വന്‍ കമ്പനികള്‍ വരെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രോഗ്രാമുകളും വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഹാര്‍ഡ് ഡിസ്‌കുകളുമുള്ള കംപ്യൂട്ടര്‍ എന്ന പഴയ സങ്കല്‍പ്പത്തിനു പകരം റേഡിയോയും ടെലിവിഷനും പോലെ മറ്റൊരു കേന്ദ്രം നല്‍കുന്ന സേവനങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ഉപകരണം മാത്രമായി കമ്പ്യൂട്ടറുകളെ കണക്കാക്കപ്പെടുന്ന സംവിധാനമെന്നാണ് ക്ലൗഡ് കംപ്യൂട്ടിഗിനെ വിശേഷിപ്പിക്കുന്നത്. ഹാര്‍ഡ്‌വേറിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും പകരം സോഫ്റ്റ്‌വേറിന് മുഖ്യ പ്രാധാന്യം കൈവരുകയും ചെയ്യുന്ന പുത്തന്‍ വിപ്ലവമെന്നാണ് ഇതിനെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധനായ ഡേല്‍ ജോഗെന്‍സണ്‍ നിര്‍വചിച്ചത്.

ഒരു വെബ് ബ്രൗസറോ സമാനമായ ആപ്ലിക്കേഷനോ അതു പ്രവര്‍ത്തിക്കാനാവശ്യമായ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ നിശ്ചിത വാടകക്ക് സോഫ്റ്റ്‌വേര്‍, ഡാറ്റാ ശേഖരണം തുടങ്ങിയവയെല്ലാം ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിഗിനൊപ്പം തന്നെ ഗൂഗിളിന്റെ ഡോക്യുമെന്റ്‌സ്, മാപ്‌സ്, പിക്കാസ മുതല്‍ ഇ മെയില്‍ വരെയുള്ള സൗജന്യസേവനങ്ങള്‍ എന്നിവയടങ്ങിയ ജനകീയ ക്ലൗഡ് കംപ്യൂട്ടിംഗിനും പുതിയ കാലത്ത് പ്രാധാന്യമുണ്ട്.

2006 ല്‍ ആമസോണ്‍ ആരംഭിച്ച എലാസ്റ്റിക് കംപ്യൂട്ടര്‍ ക്ലൗഡ് (ഇ സി2) ആണ് വാണിജ്യാടിസ്ഥാനത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗില്‍ വിപ്ലവം സൃഷ്ടിച്ചത്. മണിക്കൂറിന് പത്ത് സെന്റ് എന്ന തോതില്‍ അവരുടെ നെറ്റ്വര്‍ക്കില്‍ നിന്നും ആര്‍ക്കും സേവനങ്ങള്‍ കടമെടുക്കാം. അതായത് ഇന്റര്‍നെറ്റ് വഴി സാങ്കല്പിക കംപ്യൂട്ടര്‍ (വെര്‍ച്വല്‍ കംപ്യൂട്ടര്‍) വാടകക്കെടുക്കുന്ന രീതി.

അധികനാള്‍ കഴിയുന്നതിനു മുമ്പേ തന്നെ ഇസി2 സേവനത്തെ ഹാക്കര്‍മാര്‍ തകരാറിലാക്കിയതോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമായി. പിന്നാലെ സാന്‍ഡിയാഗോയിലേയും കാലിഫോര്‍ണിയയിലേയും ഗവേഷകര്‍ ഇതേ സിസ്റ്റത്തില്‍ കടന്നുകയറി കുറഞ്ഞ പണം നല്‍കി കൂടുതല്‍ സമയം വിനിയോഗിക്കാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടക്കത്തിലേ കല്ലുകടിയായ ഇത്തരം സംഭവങ്ങളാണ് ക്ലൗഡ് കംപ്യൂട്ടിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം കടന്നുവരുന്ന ഉദാഹരണങ്ങള്‍.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള നിരവധി വന്‍ കമ്പനികള്‍ ആമസോണിനെ ഇപ്പോഴും ആശ്രയിച്ചുവരുന്നു. ഇസി2 മുതല്‍ ഗൂഗിളിന്റെ വരാനിരിക്കുന്ന ക്ലൗഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ ക്രോം വരെ ക്ലൗഡ് കംപ്യൂട്ടിംഗ് ശൃംഗലയില്‍ അതിന്റേതായ സ്ഥാനം ഉറപ്പിക്കുകയുംചെയ്തു.

വന്‍ കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സോഫ്റ്റ്‌വേറുകളും മറ്റും സ്വന്തമായി പണം കൊടുത്തുവാങ്ങാതെ ഇന്റര്‍നെറ്റിലൂടെ വാടകക്കോ അല്ലാതെയോ ഉപയോഗിക്കാമെന്നതും കുറഞ്ഞ ചെലവില്‍ ലോകത്തെല്ലായിടത്തുനിന്നും ഈ സേവനം സ്വീകരിക്കാമെന്നതും മള്‍ട്ടിനാഷണലുകളടക്കമുള്ള കമ്പനികളെ ക്ലൗഡ് കംപ്യൂട്ടിംഗിനെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെയാണ് ക്ലൗഡ് കംപ്യൂട്ടിംഗിന് പുതിയ കാലത്തിന്റെ ഉല്പന്നമെന്ന വിശേഷണം ലഭിച്ചത്. ഇവിടെ ഡാറ്റകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും പലപ്പോഴും അജ്ഞാതമായ സ്ഥലത്തുള്ള ഏതെങ്കിലും സെര്‍വറുകളിലായിരിക്കും. സ്വന്തമായ സെര്‍വര്‍ കംപ്യൂട്ടറില്‍ നിന്നും ഡാറ്റ വാടകക്കെടുത്ത മറ്റൊരു സ്ഥലത്ത് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമാണ് വിശ്വാസ്യതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് കംപ്യൂട്ടിംഗ് വാണിജ്യ തലത്തില്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നത് മറ്റൊരാള്‍ക്ക് ഹാക്കര്‍മാരുടെ സഹായത്തോടെ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താമെന്നതും, കമ്പനികളുടെ വിവര ശേഖരണത്തെ തന്നെ തകര്‍ത്തുകളയാമെന്നതും, സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നശിച്ചുപോകുമെന്നതും ഡാറ്റ എത്രകാലം സൂക്ഷിക്കാമെന്നതുമൊക്കെയാണ്.

ഇന്ത്യയിലെ അശോക് ലൈലന്റ്, ഭാരതി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കമ്പനികളും സ്വകാര്യ ക്ലൗഡ് നെറ്റ്വര്‍ക്കുകളെ ഉപയോഗിക്കുന്നുണ്ട്. മുഖ്യമായും സാമ്പത്തിക സ്ഥാപനങ്ങള്‍, എയര്‍ലൈന്‍ കമ്പനികള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയാണ് ഈ സേവനം ഉപയോഗിക്കുന്നത്.

പലയിടത്തായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കേന്ദ്രത്തില്‍ നിന്നും സേവനങ്ങള്‍ സ്വീകരിക്കാമെന്നതും പണം ലാഭിക്കാമെന്നതിനൊപ്പം സാങ്കേതിക പ്രശ്‌നങ്ങളുടെ തലവേദനയും നേരിടേണ്ട എന്നതും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. ലോകത്തേറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമായ അമേരിക്കയാണ് ക്ലൗഡ് കംപ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വകാര്യക്ലൗഡുകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ചൈന ഗൂഗിളിനു നേരെ ആക്രമണം നടത്തിയ സംഭവത്തോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റങ്ങള്‍ അന്വേഷിക്കാനും തടയാനുമുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം ഗൂഗിള്‍ സേവനങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് പരിശോധനാ വിധേയമാക്കാം. തങ്ങളുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും വ്യക്തികളുടെ അക്കൗണ്ടുകളില്‍ കടന്നു കയറില്ലെന്നും ഗൂഗിള്‍ ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ ഈ ഉറപ്പിനെ എത്രത്തോളം വിശ്വസിക്കാമെന്നതാണ് സൈബര്‍ ലോകത്ത് ചര്‍ച്ചാ വിധേയമായിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ നിത്യസംഭവമാകുകയും ഗൂഗിള്‍ പോലെ രാജ്യത്തെ ഒന്നാംകിട സേവനദാതാക്കള്‍ പോലും ആക്രമണത്തിനിരയാകുകയും ചെയ്യുമ്പോള്‍ പൊതുഇടങ്ങളില്‍ കൈകാര്യം ഡാറ്റയുടെ സുരക്ഷ എത്രത്തോളമാണ് എന്നതാണ് ചിന്തിക്കേണ്ട വസ്തുത.

വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉപോല്പന്നമായി നാറ്റോയുടേയും അമേരിക്കന്‍ സര്‍ക്കാരിന്റെയും നെറ്റ്വര്‍ക്കുകളില്‍ സൂക്ഷിച്ച വിവരങ്ങള്‍ പലതവണ തകര്‍ക്കപ്പെട്ടതാണ്. തന്റെ ഓഫിസുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ചൈന ആക്രമണം നടത്താന്‍ ശ്രമിച്ചതായും അത് പരാജയപ്പെടുത്തിയെന്നും മുന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞവര്‍ഷം ചിലര്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ അക്കൗണ്ട് ഹാക്കുചെയ്ത് ഗൂഗിള്‍ ഡോക്യുമെന്റ്‌സില്‍ അദ്ദേഹം സൂക്ഷിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സംഭവം ക്ലൗഡ് നെറ്റുവര്‍ക്കുകളില്‍ സൂക്ഷിക്കുന്ന സ്വകാര്യ ഡാറ്റയുടെ സുരക്ഷക്കുനേരെയുയര്‍ന്ന വെല്ലുവിളിയാണ്. മൈക്രോസോഫ്റ്റിന്റെ ഒരു സഹോദര സ്ഥാപനത്തിന്റെ ക്ലൗഡ് നെറ്റ്വര്‍ക്കില്‍ സൂക്ഷിച്ചിരുന്ന ടി മൊബൈല്‍ എന്ന കമ്പനിയുടെ ഡാറ്റ സെര്‍വര്‍ തകരാറിലൂടെ നഷ്ടപ്പെട്ടത് സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നഷ്ടപ്പെടുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ശതമാനം മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ.

ഇന്റര്‍നെറ്റില്‍ നിന്നും സ്വതന്ത്രമായ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചു ക്ലൗഡിനെ ആശ്രയിക്കുക എന്നതാണ് സുരക്ഷാ വിഷയങ്ങള്‍ക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പൊതുവേ ചിലവേറിയ ഡാറ്റാലൈനുകള്‍ സ്ഥാപിക്കണമെന്നതും ഇന്റര്‍നെറ്റുവഴി ലഭിക്കുന്ന സേവനം പോലെ വ്യാപകമായി അത് ഉപയോഗിക്കാനാകില്ല എന്നതും സ്വതന്ത്ര നെറ്റ്‌വര്‍ക്ക് എന്ന സങ്കല്പത്തിന് തിരിച്ചടിയായി. പാസ് വേഡുകളുപയോഗിച്ചും ഡാറ്റ സ്വകാര്യമാക്കിവെക്കാവുന്ന വിവിധ എന്‍ക്രിപ്റ്റിംഗ് രീതികളുപയോഗിച്ചും ഇന്റര്‍നെറ്റില്‍ ശേഖരിക്കുന്ന വിവരങ്ങളെ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ പൊതുവേ ചെയ്തുവരുന്നത്. എന്നാല്‍ ഹാക്കിംഗ് വന്‍ പ്രസ്ഥാനമായി വളര്‍ന്ന പുതിയ കാലത്ത് അതുകൊണ്ടും വലിയ പ്രയോജനമില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം

ഓരോരുത്തരും ഉപയോഗിക്കുന്നതനുസരിച്ചാണ് അവരവരുടെ ക്ലൗഡ് സേവനങ്ങളുടെ സുരക്ഷ നിലനില്‍ക്കുന്നത് എന്നാണ് ഗൂഗിള്‍ ആപ്ലിക്കേഷന്‍സ് സെക്യൂരിറ്റി ഡയറക്ടര്‍ ഇറാന്‍ ഫിഗന്‍ബാം ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്ത് സുരക്ഷ ഒരു പേടി സ്വപ്നമാണെന്നും പരമ്പരാഗത മാര്‍ഗ്ങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും അമേരിക്കയിലെ നെറ്റ്വര്‍ക്കിംഗ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിദഗ്ദ്ധരായ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആമസോണിന്റെ സ്വകാര്യ ക്ലൗഡ് സംവിധാനം, ഐ ബി എം ന്റെ പുതിയ സുരക്ഷാ സംവിധാനം തുടങ്ങിയ ആശയങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

സാങ്കേതികത്തകരാറും കടന്നുകയറ്റങ്ങളും ശക്തമാകുമ്പോഴും സാങ്കേതിക മേഖലയില്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെപറ്റി രണ്ടഭിപ്രായമാണ്. സാങ്കേതികമായ ന്യായവാദങ്ങള്‍ നിരത്തി ക്ലൗഡ് കംപ്യൂട്ടിങിനെ ന്യായീകരിക്കുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ വിവരങ്ങളുടെ സുരക്ഷയെപറ്റി ആശങ്ക കൈമാറുന്നുമുണ്ട്. സുരക്ഷാപ്രശ്‌നങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ക്ലൗഡ് കംപ്യൂട്ടിംഗ് കാലത്തിനനുയോജിച്ച സാങ്കേതിക വിദ്യ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സുരക്ഷ ഭരണരംഗത്തുമാത്രമല്ല വ്യാവസായിക രംഗത്തും സുപ്രധാന വിഷയമാണുതാനും
.courtesy:ബി എസ് ബിമിനിത്‌  (mathrubhumi)
Category:
��