10:42 AM | Posted in


Can't Read???? Download Malayalam  Font 'Click Here' 

ബിനാടോണ്‍ എന്ന വാക്ക് ഗൃഹാതുരത്വമുയര്‍ത്തുന്ന ഒട്ടേറെ ഓര്‍മകളുയര്‍ത്തും പഴമക്കാരുടെ മനസില്‍. ഇന്ത്യയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ വിപ്ലവം സംഭവിച്ചപ്പോള്‍ എല്ലാവരുടെയും നാവിന്‍തുമ്പിലുള്ള പേരായിരുന്നു ഈ ബ്രിട്ടീഷ് കമ്പനിയുടേത്. അന്ന് ബിനാടോണ്‍ ടി.വി. സ്വന്തമായുള്ളവര്‍ക്ക് വി.ഐ.പി. പരിഗണനയായിരുന്നു നാട്ടിലെങ്ങും. പിന്നീട് ഡയനോരയും സോളിഡയറും ബുഷും അതിനുശേഷം ബി.പി.എല്ലും ഒപ്‌ടോണിക്കയുമൊക്കെ വന്നതോടെ ബിനാടോണിനെ പറ്റി ഒന്നും കേള്‍ക്കാതായി.

ഇപ്പോഴിതാ തലമുറകളെ ആവേശം കൊള്ളിച്ച ആ വ്യാപാരനാമം വീണ്ടും കേള്‍ക്കുന്നു. ടി.വി.യുമായല്ല ടാബ്‌ലറ്റ് കമ്പ്യൂട്ടറുമായാണ് ബിനാടോണിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ്. ഇപ്പോള്‍ വിപണിയിലുള്ള എല്ലാ ടാബ്‌ലറ്റുകളേക്കാളും വിലക്കുറവിലാണ് ബിനാടോണ്‍ ടാബ്‌ലറ്റ് ഇറക്കുന്നത്. 'ഹോംസര്‍ഫ് ടച്ച്' എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന് വില വെറും 8,999 രൂപ മാത്രം.

ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ 1.6 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് എട്ട് ഇഞ്ച് വിസ്താരമുളള സ്‌ക്രീനും 128 എം.ബി. റാമുമുണ്ട്. രണ്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുമായെത്തുന്ന ഈ ടാബ്‌ലറ്റില്‍ വൈഫൈ വഴി ഇന്റര്‍നെറ്റ് കണക്ഷനും സാധ്യമാകും. എ.ആര്‍.എം. 11 667 മെഗാഹെര്‍ട്‌സ് പ്രൊസസറാണ് ഇതിലുള്ളത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റില്‍ മണിക്കൂറുകളോളം വെബ് ബ്രൗസിങും വീഡിയോ കാണലുമെല്ലാം നടക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കുന്നു.



അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒലിവ് പാഡ് എന്ന ടാബ്‌ലറ്റുമായാവും ബിനാടോണിന് കാര്യമായി മത്സരിക്കേണ്ടിവരിക. ഒലിവ് പാഡിന് 23,000 രൂപയാണ് വിലയെന്നിരിക്കേ ബിനാടോണിന് സാധ്യത ഏറെയാണ്. ആപ്പിളിന്റെ ഐപാഡ് ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ബിനാടോണിന് നേട്ടമാകും.

128 എം.ബി. റാം മാത്രമേ ഉള്ളൂ എന്നതാണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന ന്യുനത. ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ സിസ്റ്റം കിതയ്ക്കുമെന്ന കാര്യം ഉറപ്പ്. ആന്‍ഡ്രോയിഡ് 1.6 പതിപ്പ് ഏറെക്കുറെ പഴഞ്ചനായിക്കഴിഞ്ഞു എന്നതും കമ്പനിക്ക് തിരിച്ചടിയാകും. ത്രിജിയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൈഫൈ കണക്ടിവിറ്റിയേ ഉള്ളൂ എന്നതും പ്രശ്‌നം സൃഷ്ടിച്ചേക്കും.

ഇതൊക്കെയാണെങ്കിലൂം അത്യാവശ്യം നെറ്റ് ബ്രൗസ് ചെയ്യാനും പുസ്തകം വായിക്കാനും വീഡിയോ കാണാനുമെല്ലാം ബിനാടോണിന്റെ 'ഹോംസര്‍ഫ് ടച്ച്' ധാരാളം മതിയാകും.
 

Courtesy:പി.എസ്.രാകേഷ്‌.Mathrubhumi
Category:
��

Comments

0 responses to "ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്‌"