6:43 PM | Posted in
 Reading Problem"Click Here" To Download Malayalam Font

               സ്വതന്ത്ര സോഫ്‌ട്‌വെയറുകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌ട്‌വെയര്‍ (ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌.) ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്ത്‌ ആഗോളതലത്തില്‍ തന്നെ കേരളം ശ്രദ്ധാകേന്ദ്രമാകും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കുന്നതിന്‌ നേതൃത്വം നല്‍കാനും ഐ.സി.എഫ്‌.ഒ.എസ്‌.എസിന്‌ കഴിയും. വികസിപ്പിക്കുന്നതിനുപരി പേറ്റന്റ്‌ പകര്‍പ്പവകാശം, ഡിജിറ്റല്‍ കണ്ടന്റ്‌, സയന്റിഫിക്‌ പബ്ലീഷിങ്‌ മേഖലകളിലും സെന്റര്‍ പ്രവര്‍ത്തിക്കും. സെന്റര്‍ നിലവില്‍ വരുന്നതോടെ വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച്‌ ലഭ്യമാക്കാനും അതുവഴി ലോകമെങ്ങുമുള്ള സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സമൂഹങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശിയാകാനും കേരളത്തിന്‌ കഴിയുമെന്ന്‌ ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌. നോഡല്‍ ഓഫീസറായി നിയമിതനായ അരുണ്‍ എം. പറഞ്ഞു. 60 ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ ഈ സെന്ററിനായി നീക്കിവെച്ചിരിക്കുന്നത്‌. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്‌ മുന്നോടിയായി 'ഫ്രീ സോഫ്‌ട്‌വെയര്‍, ഫ്രീ സൊസൈറ്റി, ഫ്രീഡം ഇന്‍ കമ്പ്യൂട്ടിങ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ കള്‍ച്ചര്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, വെനിസ്വേല എന്നിവിടങ്ങളിലെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.
കേരളത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയറുകളുടെ ചരിത്രം തുടങ്ങുന്നത്‌ 1990-കളുടെ മധ്യത്തിലാണ്‌. ആഗോളതലത്തില്‍ തന്നെ കുത്തക സോഫ്‌ട്‌വെയറുകള്‍ക്ക്‌ പകരമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ സാധാരണ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുതുടങ്ങിയത്‌ ഇക്കാലത്താണ്‌.
ഈ കാലഘട്ടത്തില്‍തന്നെ തിരുവനന്തപുരത്തും കൊച്ചിയിലും സ്വതന്ത്ര സോഫ്‌ട്‌വെയറായ ലിനക്‌സ്‌ ഉപയോഗിക്കുന്ന ലിനക്‌സ്‌ യൂസര്‍ ഗ്രൂപ്പുകള്‍ സജീവമാകുകയും ചെയ്‌തു. വിജ്ഞാനത്തിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ്‌ ലോകമെമ്പാടും സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്‌. സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്രീസോഫ്‌ട്‌വെയര്‍ ഫൗണ്ടേഷന്റെ (എഫ്‌.എസ്‌.എഫ്‌.) ഇന്ത്യന്‍ സംരംഭം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ തിരുവനന്തപുരത്താണ്‌.
2007-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവരസാങ്കേതികവിദ്യനയം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കുന്നതായിരുന്നു. പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ആദ്യം പ്രയോജനപ്പെടുത്തിയത്‌ ഐ.ടി.അറ്റ്‌ സ്‌കൂള്‍ പദ്ധതിയിലായിരുന്നു. വന്‍ സാമ്പത്തിക ലാഭമാണ്‌ ഇതുകൊണ്ട്‌ സര്‍ക്കാരിനുണ്ടായത്‌. ലൈസന്‍സിങ്‌ ഫീസിനത്തില്‍ മാത്രം 70 കോടിയോളം രൂപയാണ്‌ ലാഭിക്കാനായത്‌. കെ.എസ്‌.ഇ.ബിയുടെ ബില്ലിങ്‌ സോഫ്‌ട്‌വെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനത്തിലേക്ക്‌ മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്‌. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ നിര്‍മ്മാണവും പരിപാലനവും പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറിലേക്ക്‌ മാറ്റുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി.
Category:
��

Comments

3 responses to "സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പഠന-ഗവേഷണ കേന്ദ്രം ഡിസംബറില്‍"

  1. Sree On 2008, ഒക്‌ടോബർ 13 4:14 PM

    വളരെ ഉപകാരപ്രദമായ ലേഖനമായിരുന്നു,ഇതു പോലുള്ള അറിവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...നന്ദി...

     
  2. പ്രദീപ് പേരയം On 2008, ഒക്‌ടോബർ 21 10:41 PM

    കറുത്ത background വായനക്ക് വലിയ ബുദ്ധിമുട്ടായി തോന്നുന്നു. ഒന്നു ശ്രദ്ധിക്കുമോ...?

     
  3. നിയതി On 2008, ഒക്‌ടോബർ 22 3:51 AM

    @pradeep

    താങ്കളുടെ ഈ അഭിപ്രായത്തിനു നന്ദി...തീര്‍ച്ചയായും ശ്രദ്ധിക്കാം...