7:58 AM | Posted in
തെറ്റിദ്ധാരണ 1. ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്‍കാന്‍ ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.
വസ്തുത: 123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.
തെറ്റിദ്ധാരണ 2. ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.
വസ്തുത: കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില്‍ ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.
തെറ്റിദ്ധാരണ 3. ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.
വസ്തുത: ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.
തെറ്റിദ്ധാരണ 4. ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.
വസ്തുത: ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.
തെറ്റിദ്ധാരണ 5. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.
വസ്തുത: യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.
തെറ്റിദ്ധാരണ 6. ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.
വസ്തുത: ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള്‍ പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള്‍ ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.
തെറ്റിദ്ധാരണ7. ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.
വസ്തുത: 2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.
തെറ്റിദ്ധാരണ 8. ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.
വസ്തുത: 30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.
തെറ്റിദ്ധാരണ 9. ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.
വസ്തുത: ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.
തെറ്റിദ്ധാരണ10. ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.
വസ്തുത: ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.
Category:
��

Comments

0 responses to "ആണവകരാര്‍ : 10 തെറ്റിദ്ധാരണകള്‍"