8:11 AM | Posted in
ആ ണവക്കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും ബാധിക്കുമെന്നാണ്‌, യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ബുഷ്‌ സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍നിന്ന്‌ വ്യക്തമാകുന്നത്‌. ഇന്ത്യ ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ ആണവവ്യാപാരം നിര്‍ത്തുമെന്നും അമേരിക്ക ഇന്ത്യക്ക്‌ ആണവസാങ്കേതികവിദ്യകള്‍ വില്‍ക്കില്ലെന്നും കത്തില്‍ പറയുന്നു. ആണവക്കരാറിന്‌ ഹൈഡ്‌ ആക്ട്‌ ബാധകമാക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്‌. ഒമ്പതുമാസമായി രഹസ്യമാക്കി വെച്ചിരുന്ന കത്ത്‌ അമേരിക്കയിലെ 'വാഷിങ്‌ടണ്‍ പോസ്റ്റ്‌ ' പത്രമാണ്‌ പുറത്തുവിട്ടത്‌. ആണവക്കരാറിനെക്കുറിച്ച്‌ തുടക്കം മുതല്‍ പല കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന്‌, ബുഷിന്റെ കത്ത്‌ തെളിയിക്കുന്നു. ഇടതുപക്ഷകക്ഷികളും മറ്റും രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ളവര്‍ പറഞ്ഞത്‌ കരാര്‍ ഇന്ത്യയുടെ താത്‌പര്യങ്ങളെ ബാധിക്കുകയില്ലെന്നും രാജ്യത്തിന്‌ പലവിധത്തിലും ഗുണംചെയ്യുമെന്നുമാണ്‌. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പറഞ്ഞതിന്‌ കടകവിരുദ്ധമായ കാര്യങ്ങളാണ്‌ ബുഷിന്റെ കത്തിലുള്ളതെന്നത്‌ ശ്രദ്ധേയമാണ്‌. കത്തിനെപ്പറ്റി മന്‍മോഹന്‍സിങ്ങിനും യു.പി.എ. സര്‍ക്കാരിനും അറിയാമായിരുന്നുവെന്നും വാഷിങ്‌ടണ്‍ പോസ്റ്റ്‌ ലേഖകന്‍ പറയുന്നു. കത്തിനെക്കുറിച്ച്‌ ഇന്ത്യക്കറിയാമായിരുന്നുവെന്ന്‌ ആണവോര്‍ജകമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കറും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. കരാര്‍ സംബന്ധിച്ചുള്ള പല വസ്‌തുതകളും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്‌ മനഃപൂര്‍വം മറച്ചുവെക്കുകയായിരുവെന്ന സംശയമുണ്ടാക്കുന്നതാണ്‌ ഈ സംഭവവികാസങ്ങള്‍. ഹൈഡ്‌ നിയമം ഇന്ത്യക്കോ അമേരിക്കയുമായുണ്ടാക്കിയ കരാറിനോ ബാധകമല്ലെന്ന്‌ യു.പി.എ. നേതൃത്വം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ആണവവിതരണസംഘ (എന്‍.എസ്‌.ജി) ത്തിന്റെ യോഗത്തില്‍ ചില രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഹൈഡ്‌ നിയമത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡക്കരാറിന്‌ അന്തിമരൂപം നല്‍കുന്ന പ്രക്രിയ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു നേടിയതിനുശേഷമേ ആരംഭിക്കൂ എന്ന ഉറപ്പ്‌ മന്‍മോഹന്‍സിങ്‌ സര്‍ക്കാര്‍ ലംഘിക്കുകയുണ്ടായി. അത്‌ പരക്കെ എതിര്‍പ്പിനിടയാക്കി. ഇന്ത്യക്ക്‌ ആണവഇന്ധനം തടസ്സമില്ലാതെ ലഭ്യമാ ക്കുമെന്ന്‌ അമേരിക്ക ഉറപ്പാക്കില്ലെന്നും ആണവസാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ പ്രവര്‍ത്തനത്തിലോ സഹായിക്കില്ലെന്നും ബുഷ്‌ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. കരാറിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും യു.പി.എ. സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ എന്തോ ജനങ്ങളില്‍നിന്ന്‌ മറച്ചുവെക്കുന്നു എന്ന സംശയം, ദിവസംചെല്ലുന്തോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പറഞ്ഞതുപോലെയല്ല, അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്‌ മുന്‍പും പല സൂചനകളും കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല. സ്വാധീനത്തിലൂടെയോ സമ്മര്‍ദത്തിലൂടെയോ ഇന്ത്യയെ തങ്ങള്‍ ആഗ്രഹിക്കുന്നവഴിക്കു കൊണ്ടുവരാമെന്ന്‌ അമേരിക്ക കരുതുന്നുണ്ടാവാം. ആണവക്കരാറിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രവിദേശനയവും സുരക്ഷയും അമേരിക്കയ്‌ക്കു പണയം വെക്കരുത്‌. ഈ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിന്റെ നിലപാട്‌ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ താത്‌പര്യത്തിനെതിരായി സര്‍ക്കാര്‍ നീങ്ങിയാല്‍ അത്‌ ജനങ്ങളോടുചെയ്യുന്ന കൊടിയ വഞ്ചനയായിരിക്കും.
Category:
��

Comments

0 responses to "ആണവകരാര്‍.... “ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടുത്തരുത്‌“"